ബ്രാൻഡ് വെറുമൊരു ലോഗോ അല്ല. വെറുമൊരു പരസ്യമോ മാർക്കറ്റിംഗ് ഗിമ്മിക്കോ അല്ല. ബ്രാൻഡിംഗ് ഒരു പ്രോഡക്റ്റ് ഐഡന്റിറ്റി മാത്രമല്ല. മറിച്ചു ബ്രാൻഡിംഗ്, നിങ്ങളുടെ പ്രൊഡക്ടിനെ കുറിച്ച് ഉപഭോക്താക്കൾക്കുള്ള വിശ്വാസമാണ്, സുരക്ഷിതത്വമാണ്, അതിലേറെ അഭിനിവേശമാണ് (പാഷൻ).
ബ്രാൻഡിങ്ങിൽ കഴിവുള്ളവരെ കണ്ടെത്താനോ നിങ്ങളുടെ ബ്രാൻഡ് റിപ്പയർ ചെയ്യാനോ ശ്രമിക്കാറില്ല. വിദേശത്തു പരിചിതമാണെങ്കിലും നമ്മുടെ നാട്ടിൽ ഇത്തരം ബ്രാൻഡിംഗ് വിദഗ്ദ്ധർ കുറവാണ്. അതായിരിക്കണം ഒരു കാരണം, പക്ഷെ ഒരു വലിയ വിഭാഗം സംഭരംഭകരും ബ്രാൻഡിങ്ങിൽ അജ്ഞരാണ്. ഒരു ലോഗോയും ഏതെങ്കിലും പത്രത്തിലും ടിവിയിലും കൊടുക്കുന്ന പരസ്യമാണ് ബ്രാൻഡിംഗ് എന്ന് ബഹുഭൂരിഭാഗവും തെറ്റിദ്ധരിക്കുന്നു
നിങ്ങൾ ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്ന വ്യക്തി ആണോ ?
എങ്കിൽ ആദ്യം വേണ്ടത് നല്ലൊരു പേരാണ്.
പേര് സിംപിളാവുന്നതാണ് നല്ലത്, അതോടൊപ്പം ആകർഷകവും. ഒരുപാടു കഷ്ട്ടപ്പെട്ട് ഇറ്റാലിയനും ജർമനും ഫ്രഞ്ച് നിഘണ്ടുവും പരതി കേട്ടാൽ ഞെട്ടുന്ന ഒരു പേര് തന്റെ ഹോട്ടലിനു ഇട്ട ഒരു സുഹൃത്ത് എനിക്കുണ്ട്. കൊള്ളാവുന്ന ബിരിയാണി ഹോട്ടലായിട്ടു കൂടി സ്വന്തം അമ്മാവൻ പോലും ആ പേര് ഒരു നല്ല ബിരിയാണിക്ക് വേണ്ടി അന്വേഷിച്ചു നടക്കുന്ന സുഹൃത്തുക്കൾക്ക് നിർദ്ദേശിച്ചില്ല. കാരണം തെറ്റില്ലാതെ ഉച്ചരിക്കാൻ കഴിയില്ലെന്ന ഭയം. ഈയിടെ വളരെ 'സിംപിളും പക്ഷെ പവർഫുള്ളുമായ' ഒരു പേരുമാറ്റം നടത്തിയിരിക്കുകയാണ് ഈ സുഹൃത്ത്. മുൻപ് നാക്കിനു രുചിയുണ്ടെങ്കിലും, പേര് പറഞ്ഞു കുഴഞ്ഞു പോകും എന്ന് ഭയന്നിരുന്ന ഭക്ഷണപ്രിയർ പുതിയ ഹോട്ടലിലെ ഫുഡ് കൊള്ളാം എന്ന് പറഞ്ഞു തുടങ്ങിയത്രേ!.
പേരിടുമ്പോൾ പ്രൊഡക്ടുമായി കുറച്ചു അർത്ഥവത്തായ പേരാണെങ്കിൽ നല്ലത്. കോസ്‌മെറ്റിക് പ്രൊഡക്ടിനു യോജിക്കുന്ന പേര് മീറ്റ് പ്രൊഡക്ടിനു ചേരണമെന്നില്ല.
ഉച്ചരിക്കാൻ ബുദ്ധിമുട്ടുള്ളതും, സ്പെല്ലിങ് challenge ഉം ആയ പേരുകൾ കഴിവതും ഒഴിവാക്കുക. അത് ഒരു പണവും മുടക്കാതെ ലഭിക്കുന്ന 'മൗത് പബ്ലിസിറ്റിയെ' പരിമിതപ്പെടുത്തും.
പേര് ഓർമ്മയിലിരിക്കാൻ എളുപ്പവും അതോടൊപ്പം പ്രൊഡക്ടിനോട് ചേർന്നൊരു കഥയുമുണ്ടെങ്കിൽ കൊള്ളാം. അമേരിക്കക്കയിലെ കെന്റക്കിയിൽ വറുത്ത കോഴി വിറ്റു നടന്ന ഒരാളുടെ കഥ പറയുന്ന കെന്റക്കി ഫ്രൈഡ് ചിക്കൻ (KFC ), ഗ്രീക്ക് വിജയദേവതയായ 'നൈക്ക്' ൽ നിന്നും പേരും, ദേവതയുടെ ചിറകിൽ നിന്നും ലോഗോയും കടമെടുത്ത ലോക പ്രശസ്തമായ ബ്രാൻഡ് 'നൈക് ' തുടങ്ങിയവ ചില ഉദാഹരണങ്ങൾ മാത്രം.
ബ്രാൻഡ് നാമം വെറുമൊരു ശബ്ദം മാത്രമാക്കാതെ കുറച്ചു മ്യൂസിക്കൽ ആയാൽ നല്ലത്. പറയുവാനും പാടുവാനും സുഖമാണ്. ബ്രാൻഡിൻറെ പേര് പലപ്പോഴും ചേർത്തോർമ്മിക്കുന്നതു സുഖമുള്ള പരസ്യ ഗാനങ്ങളിലൂടെയാണ്. അതിനു കേരളത്തിൽ നിന്നു തന്നെ ഒട്ടനവധി ഉദാഹരണങ്ങൾ ഉണ്ട്. എൺപതുകളിൽ റേഡിയോയിലൂടെ കേട്ട 'ഉജാല' കവിതകൾ. 'പെണ്ണേ നിന്നെ സുന്ദരിയാക്കിയതാര്... ആലുക്കാസ്, ആലുക്കാസ് '
പാട്ടിൻറെ ഈണത്തിനു വഴങ്ങാതെ, പാടുമ്പോൾ അപശ്രുതിയുമായി തുറിച്ചു നോക്കുന്ന ബ്രാൻഡ് നാമങ്ങൾ എല്ലാ പരസ്യചിത്ര സംഗീത സംവിധായകരുടെയും പേടിസ്വപ്നമാണ്. നമ്മുടെ നാട്ടിലെ ഭൂരിഭാഗം ബ്രാൻഡുകളും മുകളിൽ പറഞ്ഞ വിഭാഗത്തിൽ വരുന്നു. പേരെടുത്തു പറഞ്ഞു ശത്രുക്കളെ ഉണ്ടാക്കുന്നില്ല.
ബ്രാൻഡ് നാമത്തിൽ മതചിഹ്നങ്ങളും സ്വരങ്ങളും കൊണ്ടുവരാതിരിക്കാൻ ശ്രദ്ധിക്കുക. വികസിത രാജ്യങ്ങൾ മതേതര സംസ്കാരത്തിലേക്ക് കൂടുതൽ അടുക്കുമ്പോൾ `നമ്മുടെ രാജ്യം മതാന്ധതയിലേക്ക് കൂപ്പു കുത്തുകയാണോ എന്ന് പേടിക്കേണ്ടിയിരിക്കുന്നു. മത വികാരം എപ്പോൾ വേണമെങ്കിലും അവരവരുടെ ലാഭത്തിനു വേണ്ടി ആളിക്കത്തിക്കുന്ന രാഷ്ട്രീയക്കാരും, മത മേലധികാരികളും, മത തീവ്രവാദികളും ഉള്ള നമുക്കിടയിൽ ബ്രാൻഡ് നാമത്തിലെങ്കിലും മത നിരപേക്ഷത പാലിക്കുക. ലോകമാണ് നിങ്ങളുടെ വിപണി, ഒരു മത വിഭാഗമോ പഞ്ചായത്തോ ജില്ലയോ അല്ല. ഒരു ലോകോത്തര ബ്രാൻഡ് ആണ് നമ്മുടെ ലക്ഷ്യം.
ബ്രാൻഡ് നാമം വർഷങ്ങളോളം പ്രസക്തിയുള്ളതായിരിക്കണം, നിലനിൽക്കുന്ന തായിരിക്കണം. 4G വിപ്ലവം നാട്ടിൽ അരങ്ങേറിയപ്പോൾ '3G' എന്ന പേരിൽ നിന്നും അടുത്തയിടെ ഒരു ബ്രാൻഡ് 'MyG' എന്ന് മാറ്റി. 3G എന്ന ബ്രാൻഡ് നമ്മളെ ജനമനസുകളിൽ പ്രതിഷ്ഠിക്കുന്നതിനു വേണ്ടി വന്ന സമയവും പണവും അധ്വാനവും, പഴയ 3G ഷോപ് ആണ് പുതിയ My G എന്ന് ഉപഭോക്താക്കൾക്ക് മനസിലാക്കികൊടുക്കാനും വേണ്ടി വരുന്നു.
പല വലിയ കമ്പിനികളും ബ്രാൻഡിംഗിൽ ഇത്തരം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എന്നാൽ താരതമേന്യ ചെറിയ പ്രസ്ഥാനങ്ങൾക്ക് ഇത്തരം ചിലവുകൾ താങ്ങാൻ കഴിയണമെന്നില്ല. ബ്രാൻഡ് നാമം താജ്മഹൽ പോലെ യുഗങ്ങളോളം വെണ്മയോടെ പ്രൗഢമായി നിലകൊളളണം. എന്ന് കരുതി 'താജ്മഹൽ', 'റെഡ് ഫാർട്ട്' എന്നെല്ലാം പേരിടാതിരിക്കുക. കാരണം ദേശീയമായ സ്മാരകങ്ങൾ, മഹാത്മാക്കൾ, സ്ഥലപ്പേരുകൾ, തറവാട്ടു പേരുകൾ എന്നിവ ട്രേഡ്മാർക് റെജിസ്ട്രേഷന് തടസമാകും. ഇത്തരം പേരുകൾ ഒഴിവാക്കുക 100 വർഷത്തിലേറെ പാരമ്പര്യം അവകാശപ്പെടുന്ന കുതിര ലോഗോയുമുള്ള ചെമ്മണ്ണൂർ ജൂവലറിയും പരുന്തു ലോഗോയുള്ള ബോബി ചെമ്മണ്ണൂരും തമ്മിലുള്ള കോടതി വ്യവഹാരങ്ങൾ ഓർക്കുക.
ബ്രാൻഡ് നാമം ഉറപ്പാക്കുന്നതിന് മുൻപ് ഒന്ന് പരിശോധിക്കുക-ട്രേഡ് മാർക് ലഭിക്കാവുന്നതാണോ അതോടൊപ്പം വെബ് സൈറ്റ് നിർമാണത്തിന് ഡൊമൈൻ നെയിം കിട്ടാവുന്നതുമാണോ എന്നറിയണം. ലോകം സ്മാർട്ട് ഫോൺ നിയന്ത്രിക്കുന്ന വിരൽ തുമ്പിലേക്കു ഒതുങ്ങുന്ന കാലത്തു വെബിൽ നമ്മുടേതായ ഒരു നാമം നിർബന്ധമാണ്. പ്രതേകിച്ചും ഇ കോമ്മെർസ് പാരമ്പര്യ കച്ചവടങ്ങളെ തച്ചുടയ്ക്കുന്ന കാലത്ത്.
മറ്റൊരു ബ്രാൻഡിനോട് സാമ്യമുള്ളതായ പേരുകൾ ഒഴിവാക്കുക. copy cat കളെ ജനം പുച്ഛിക്കും, ഡ്യൂപ്ളിക്കേറ്റ് ബ്രാൻഡ് ആയി പരിഗണിക്കാൻ സാധ്യത കൂടുതലാണ്. അതോടൊപ്പം തന്നെ ഏറ്റവും പ്രധാനമായ ഒന്നായ ട്രേഡ് മാർക്ക് റെജിസ്ട്രേഷന് തടസ്സമാവുകയും ചെയ്യും.
നിങ്ങളുടെ ബ്രാൻഡ് നെയിം ട്രേഡ്മാർക് രെജിസ്റ്റേർഡ് ആയിരിക്കണം, അതിലൊരു ഉപേക്ഷയും പാടില്ല. അതിനുള്ള ലീഗൽ ചെലവ് വളരെ തുച്ഛമാണ്. പക്ഷെ അത് നമ്മുക്ക് തരുന്ന സുരക്ഷിതത്വം വളരെ വലുതാണ്. നിങ്ങൾ ജീവിതം കൊടുത്തു വളർത്തിയ ബ്രാൻഡ് കുറച്ചു നാൾ കഴിയുമ്പോൾ മറ്റൊരാളുടേതാകാം. സംഭവിച്ചിട്ടുണ്ട്. ഒരു ട്രേഡ് മാർക്ക് അറ്റോർണിയുമായി സംസാരിക്കു, അയാൾ പറയും ഒരു നൂറ് അനുഭവങ്ങൾ-ബ്രാൻഡ് ശ്രദ്ധിക്കപ്പെട്ടു കഴിയുമ്പോൾ ആ പേരിൽ അതെ കാറ്റഗറിയിൽ ട്രേഡ്മാർക് എടുക്കുന്ന തിരിട്ടു കമ്പനികൾ! കോടികൾ വിലപേശിയുള്ള കോടതി വ്യവഹാരങ്ങൾ! `കോമൺ പേരുകളോ സ്ഥലപ്പേരുകളോ വച്ച് ബ്രാൻഡുണ്ടാക്കി അത് ആർക്കും തുടങ്ങാം എന്ന അവസ്ഥ വരുക, ഇതെല്ലാം വളരെ സാധാരണമാണ്. മാത്രമല്ല നാം തുടങ്ങിയ ബ്രാൻഡ് നമ്മുക്ക് മുൻപു ട്രേഡ് മാർക്ക് ഉള്ളവരും ഉണ്ടാകാം, കോടതിയിൽ അവർക്കാണ് മുൻതൂക്കം, ബ്രാൻഡ് നഷ്ടപ്പെടാം എന്ന് മാത്രമല്ല - കോടികൾ പിഴയൊടുക്കേണ്ട തായും വരാം. ജാഗ്രത...
ബ്രാൻഡ് നാമം ലക്ഷണമൊത്തതും, അതോടൊപ്പം ക്രീയേറ്റീവും ആവണം. വ്യത്യസ്‌തമായതും(Different), ജാഗരൂകമായതും(Vigilant) പൊരുത്തമുള്ളതും(Relevant) ആയ ഒരു ബ്രാൻഡ് നെയിം ആയിരിക്കണം. ജനങ്ങൾ വികാരപരമായി(Emotional) ഏറ്റെടുക്കാവുന്ന ഒരു നാമം കണ്ടെത്തിയാൽ നിങ്ങൾ ബ്രാൻഡിങ്ങിൻറെ ആദ്യപടി ചവുട്ടിക്കയറി.